2014 ജനുവരി 31, വെള്ളിയാഴ്‌ച

അജ്ഞാതന്‍



രാവിലെ എട്ടു മണി. റോഡു വളരെ തിരക്കാണ്. ജോലിക്ക് പോകുന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും  കച്ചടക്കാരുടെയും മറ്റാവശ്യങ്ങള്‍കായി രാവിലെ തന്നെ വീട് വിട്ടിറിങ്ങിയവരുടെയും  തിരക്ക്. ആ തിരക്കിനിടയില്‍ ഞാനും. 

ബസ്‌ സ്റ്റോപ്പില്‍ ബസ്‌ കാത്തിരിക്കുമ്പോഴാണ് കുറച്ചു ദൂരെ ഒരു ആള്‍കൂട്ടം കണ്ടത്. ഓരോ നിമിഷവും ആള്‍കൂട്ടത്തിന്‍റെ വ്യാപ്തി വലുതായിക്കൊണ്ടിരിക്കുന്നു. എന്താണെന്നറിയാന്‍ മറ്റുള്ളവരെ പോലെ ഞാനും അവിടേക്ക് ലക്ഷ്യമാക്കി നീങ്ങി. ഒരു വൃദ്ധന്‍ റോഡരികില്‍ വീണു കിടക്കുന്നു.  അനക്കമില്ല. അവിടെ കൂടിയിരിക്കുന്നവരാര്‍ക്കും തന്നെ ആരാണെന്ന് അറിയില്ല.

"ഒന്നു രണ്ടു ദിവസായിട്ട്  ഇയാള്‍ ഇവിടിയൊക്കെ  ഉണ്ട്" ഒരാള്‍ പറഞ്ഞു.

"ഇവിടെ അടുത്തൊന്നും ഉള്ളതല്ല"   വേറൊരാള്‍

"നാടും  വീടും വിട്ടു അലഞ്ഞുനടക്കായിരുന്നു എന്ന് തോന്നുന്നു. ആര്‍ക്കറിയാം...എവിടുന്നാണെന്ന്?"

അങ്ങനെ ഓരോരോ അഭിപ്രായങ്ങള്‍

"ജീവനില്ല, പോലീസെത്തിയാല്‍ മാത്രമേ  എന്താ ഏതാണെന്നൊക്കെ തീരുമാനമാകൂ." ആരോ പറഞ്ഞു.


റോഡരികില്‍ അസാധാരണമായ ആള്‍കൂട്ടം കണ്ട് പലരും കാര്യമെന്താണെന്നു അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ ബസില്‍ നിന്നും എത്തി നോക്കുന്നു. ചിലര്‍ വാഹനത്തിന്‍റെ ഗ്ലാസ്‌ ഉയര്‍ത്തി കാര്യമെന്തെന്നു അന്വേഷിക്കുന്നു, പോകുന്നു.  ചിലര്‍ വാഹനത്തില്‍ നിന്നിറങ്ങി മൃതശരീരം കണ്ട് തിരിച്ചു പോകുന്നു. ചിലര്‍ ഇനിയുള്ള നടപടികള്‍ എന്താണെന്നറിയാന്‍ അവിടെ തന്നെ നില്‍ക്കുന്നു. ഈ അഞ്ജാതനരാണെന്നറിയാനുള്ള ജിജ്ഞാസ എന്നെയും ആ ആള്‍കൂട്ടത്തിനിടയില്‍ നിര്‍ത്തി.

ആളുകളുടെ കലപിലാരവങ്ങള്‍ക്കിടയില്‍ ഇടയ്ക്കു നിശബ്ദതയും എത്തിനോക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരാള്‍ എന്നെ മോന്നോട്ടു തള്ളിക്കൊണ്ട് എന്‍റെ തോളിനോട് ചേര്‍ന്ന് നിന്നത്. അയാള്‍ മൃതദേഹത്തെ നോക്കി ഒരു നെടുവീര്‍പ്പിട്ടു.  അയാളുടെ നിശ്വാസത്തിനോടൊപ്പം പുറത്തേക്കു വന്ന ആ വാക്ക് എന്‍റെ ചെവിയിലും പതിച്ചു.

".....അച്ഛന്‍..."

"ഇത് നിങ്ങളുടെ....?...."

ആ ചോദ്യം മുഴിമിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും അയാളുടെ  കൈ പിന്നിലോട്ടു വലിച്ചു കൊണ്ട് അയാളുടെ ഭാര്യ അയാളെ
 തിടുക്കത്തില്‍ കൊണ്ടു പോയി.

ഞാന്‍ അവരെ പിന്തുടര്‍ന്നു.
അപ്പോഴും ആ സ്ത്രീ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

"നിങ്ങള്‍ക്കിത് എന്തിന്‍റെ കുഴപ്പാ...?, ടൈം എത്രായീന്നാ വിചാരം ?...ഇനിയും വൈകിയാല്‍ നമ്മുടെ ഫ്ലൈറ്റ് മിസ്സ്‌ ആവും. അറിയാലോ നാളെ ജോലിക്ക് കയറാനുള്ളതാ..."

ആ ആള്‍ക്കൂട്ടത്തെ ഒന്നു കൂടെ തിരിഞ്ഞു നോക്കി അയാള്‍ കാറില്‍ കയറി വാതിലടച്ചു.

ഞാന്‍ ആകെ സ്തബ്ദനായി അവിടെ നിന്നു. അല്‍പസമയം എന്‍റെ കണ്ണുകള്‍ ആ കാര്‍ പോയ വഴിയെ പിന്തുടര്‍ന്നു.

തിരികെ ആള്‍ക്കൂട്ടത്തിനിടയിലേക്ക്  ഞാന്‍  നീങ്ങിയപ്പോഴേക്കും പോലീസ് വന്നു അനന്തര നടപടികള്‍ തുടങ്ങിയിരുന്നു. വൈകാതെ തന്നെ ഒരു ആംബുലെന്‍സ് വന്നു മൃതശരീരം കൊണ്ടുപോയി. അല്പസമയത്തിനു ശേഷം ആള്‍കൂട്ടവും ഇല്ലാതായി.

പിറ്റേന്ന്...

 പത്രത്തിന്‍റെ ചരമ കോളത്തില്‍ ഒരു വാര്‍ത്ത.
'അഞ്ജാതന്‍റെ  മൃതദേഹം റോഡരികില്‍ ' കൂടെ താടി കൂട്ടിക്കെട്ടിയ, പാതിയടഞ്ഞ കണ്ണുകളുമായി ഒരു വൃദ്ധന്‍റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രവും .

2014 ജനുവരി 30, വ്യാഴാഴ്‌ച

ഗാന്ധി സ്മരണകള്‍



പ്രിയപ്പെട്ട ഗാന്ധിജി,
അങ്ങയെ ഞാന്‍ കണ്ടിട്ടില്ല.
എങ്ങനെ കാണാനാവും?!

നേരത്തെ വന്നു, നേരത്തെ പോയി.



അല്ല,
പ്രിയപ്പെട്ട ഗാന്ധിജി,
അങ്ങയെ ഞാന്‍ കണ്ടിട്ടുണ്ട്
ആദ്യമായി കണ്ടതെവിടെയെന്നറിയില്ല.
പാഠപുസ്തകത്തിലോ,
അതോ, വിയര്‍പ്പു വാടയില്‍
വാടിത്തളര്‍ന്ന  രൂപാ നോട്ടുകളിലോ

പ്രിയപ്പെട്ട ഗാന്ധിജി,
അങ്ങയെ ഞാന്‍ അറിഞ്ഞിട്ടുണ്ട്.
പാതയോരക്കടയില്‍ നിന്നു വാങ്ങി,
ആരോ എനിക്ക് സമ്മാനിച്ച,
അമ്പതു രൂപയുടെ 'സത്യാന്വേഷണ പരീക്ഷണ'ങ്ങളിലൂടെ.
വാതില്‍ പാളിയോ, ജനലുകളോ ഇല്ലാത്ത
അരമതിലുകള്‍ക്കുള്ളില്‍  ഒതുങ്ങിയ
ക്ലാസ് മുറികളിലെ 'കലപിലാ'രവങ്ങള്‍ക്കിടയില്‍
 മുറിഞ്ഞു മുറിഞ്ഞു കേട്ട ചരിത്ര ശകലങ്ങളിലൂടെ.


പ്രിയപ്പെട്ട ഗാന്ധിജി,
അങ്ങയെ ഞാന്‍ മനസിലാക്കിയിട്ടുണ്ട്.
ഞാനനുഭവിക്കുന്ന ഓരോ സ്വാതന്ത്ര്യത്തിലും,
ഭാരതീയനെന്നു അഭിമാനം കൊള്ളുമ്പോഴും.
അങ്ങയുടെ സഹനവും തത്വത്തിന്‍ മഹത്വവും,
ലോകസമാധാനാശയങ്ങളുടെ ഉന്നതിയില്‍
വിരാജിക്കുമ്പോഴും.


പ്രിയപ്പെട്ട ഗാന്ധിജി,
ഇന്ന് ഞാന്‍,
ഈ രക്ത സാക്ഷി ദിനത്തില്‍
അങ്ങയെ തിരയുന്നു.
ആരും ശ്രദ്ധിക്കുന്ന അങ്ങയുടെ ഒരു ചിത്രത്തിനായ്.
അങ്ങയുടെ ഒരു മഹത് വചനത്തിനായ്‌.
സോഷ്യല്‍ സൈറ്റില്‍ ഒരു പോസ്റ്റിടാന്‍.




2013 ഡിസംബർ 16, തിങ്കളാഴ്‌ച

നിര്‍ഭയ: ഒരോര്‍മ്മ


ഇന്നലെ  രാത്രി ഞാനും ഭര്‍ത്താവും കൂടി പുറത്തു പോയി. ഞായറാഴ്ച്ച ആയതിനാല്‍ ഒരാഴ്ച്ചക്കുള്ള പച്ചക്കറികളും മറ്റും വാങ്ങാന്‍ വേണ്ടിയാണു പുറത്തിറങ്ങിയത്. ഡിസമ്പറിലെ തണുപ്പ് ശരീരത്തില്‍ തുളച്ചു കയറുന്നു. മാധ്യമ പ്രവര്‍ത്തകനായ ഭര്‍ത്താവിന്റെ കൂടെ ആഴ്ചയില്‍ എനിക്ക് കിട്ടുന്ന വളരെ സന്തോഷകരമായ നിമിഷങ്ങളാണ് ഈ യാത്ര. കാറിലിരുന്നു ഞങ്ങള്‍ കുറെ സംസാരിക്കും.ഓരോ ആഴ്ചയും ഓരോ വിഷയങ്ങള്‍ ഉണ്ടാകും സംസാരിക്കാന്‍. മിക്കവാറും ഞാന്‍ തന്നെ യാണ് വിഷയങ്ങള്‍ എടുത്തിടുക. രാഷ്ട്രീയം, സിനിമ, ഇഷ്ടപ്പെട്ട പാട്ടുകളിലെ വരികള്‍,  വീട്ടിലെയും നാട്ടിലെയും കാര്യങ്ങള്‍, കുട്ടിക്കാലത്തെ രസകരമായ സംഭവങ്ങള്‍,....പിന്നെ ഞങ്ങളുടെ മോന്‍റെ ഓരോരോ വികൃതികളും മറ്റും.....എല്ലാം ഞങളുടെ സംസാരത്തില്‍ കടന്നു വരും.


ഇന്നലെ പക്ഷെ, വീട്ടില്‍ നിന്നു ഇറങ്ങുമ്പോഴേ എനിക്ക് എന്തോ ഒരു സന്തോഷമില്ലാത്ത പോലെ. കുറെ സമയം ഞങ്ങള്‍ക്കിടയില്‍  ഒരു മൂകത തളം കെട്ടി നിന്നു.  നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഫോണിലേക് ഇടയ്ക്ക്‌ കാള്‍ വരുന്നുണ്ടായിരുന്നു. നാളത്തെ പ്രോഗ്രാമിനെ കുറിച്ചും ന്യൂ സ് ഷെഡ്യൂളിനെ  കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്. കാള്‍ കഴിഞ്ഞ ഉടനെ ഞാന്‍ പറഞ്ഞു.

             " നാളെ നിങ്ങള്‍ക്ക് പ്രോഗ്രാം ചെയ്യാന്‍ ഒരു വിഷയമുണ്ട്"
             " എന്താ?" അദ്ദേഹം  വളരെ താല്പര്യത്തോടെ ചോദിച്ചു.
             " നിര്‍ഭയ" ഞാന്‍ പറഞ്ഞു.
             "നിര്‍ഭയ?"  
             " അതെ,' നിര്‍ഭയ'  ഓര്‍മ്മയില്ലേ ?."
             "ആ...ഡല്‍ഹി കൂട്ട മാനഭംഗം.....ഒരു വര്‍ഷമായി അല്ലെ?."  എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഫോണ്‍ എടുത്തു ഓഫീസി ലേക്ക് വിളിച്ചു പറഞ്ഞു.
              "ഡല്‍ഹി കൂട്ട മാനഭംഗത്തെ കുറിച്ച് നാളെ ഒരു സ്റ്റോറി ചെയ്യണം,..മറക്കരുത്.

ഇന്നലെ ഒരു ന്യൂസ്‌ പേപ്പറില്‍ വന്ന ദാമിനിയെ കുറിച്ചുള്ള  സ്പെഷ്യല്‍ ഫീച്ചര്‍ ഞാന്‍ വായിച്ചിരുന്നു. അതിനു ശേഷം അന്നത്തെ സംഭവങ്ങള്‍ എല്ലാം ഓര്‍മ്മയില്‍ വന്നുപോയി. അത് തന്നെ യാണ് എന്‍റെ ഇന്നലത്തെ മൂകതക്ക്കും കാരണം.


ഒരു വര്‍ഷം മുന്‍പ്‌...

അവളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ അടിവയറ്റില്‍ നിന്നും ഒരു വേദന ഇരച്ചു കയറും.. എന്ത് മാത്രം വേദന അവള്‍ അനുഭവിച്ചിട്ടുണ്ടാകും.... ആ കാലമാടന്‍മാര്‍  എത്ര വലിയ ക്രൂരതയാണ് അവളോട്‌ ചെയ്തത്.... 

"ബലാല്‍സംഗം ചെയ്ത് അവളുടെ ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ട്‌ കുത്തിയിറക്കി.....''  നിരന്തരം ഈ വാക്കുകള്‍ വാര്‍ത്താ ചാനലുകളിലൂടെ പ്രവഹിച്ചു കൊണ്ടിരിക്കുന്നു.

അത്രയും എന്‍റെ മനസിനെ മരവിപ്പിച്ച വാക്കുകളായിരുന്നു അന്നത്തെ ന്യൂസ്‌ പേപ്പറുകളിലും ചാനലുകളിലും നിരന്തരം വന്നു കൊണ്ടിരുന്നത്.

ന്യൂ  ഡല്‍ഹിയില്‍  പാര്‍ലമെണ്ട് സ്ട്രീറ്റിനടുത്തുള്ള ഒരു ഫ്ലാറ്റിലാണ്  ഞങ്ങള്‍ താമസിക്കുന്നത്. ഇന്ത്യാ ഗേറ്റ്  മുതല്‍ റൈസിനകുന്നിലെ രാഷ്ട്രപതി ഭവന്‍റെ ഗേറ്റ് വരെ നിറഞ്ഞ്  നിന്ന പ്രധിശേധക്കാരുടെ " we want justice" എന്ന മുദ്രാ വാക്യം, എന്‍റെ അടുക്കള വരെ പ്രധിധ്വനിച്ചു. ഘാതകരുടെ കൊലക്കയറിനു വേണ്ടിയുള്ള മുറവിളി ഒരു ആരവം പോലെ അവിടെയാകെ തളം കെട്ടി നിന്നു. വീട്ടിലെ ഓരോ ജോലി ചെയ്ത് തീര്‍ക്കുമ്പോഴും എന്‍റെ ചുണ്ടില്‍ നിന്നും ആ വാക്കുള്‍ പുറത്തേക്കു വന്നു കൊണ്ടേയിരുന്നു..." we want justice.."

.....

ഇന്നിപ്പോള്‍  ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.

അന്നത്തെ സംഭവങ്ങളും വാര്‍ത്തകളും മനസിനുള്ളില്‍ കിനിഞ്ഞു കിനിഞ്ഞു വന്നെങ്കിലും ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് അതിനെ കുറിച്ച് ഒരു കാര്യവും സംസാരിച്ചില്ല. വീട്ടിലേക്ക്‌ വേണ്ട സാധനങ്ങളും പച്ചക്കറികളുമൊക്കെ വാങ്ങി ഞങ്ങള്‍ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു വീട്ടിലേക്ക്‌ തിരിച്ചു.
സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു.

തിരിച്ചു വരുമ്പോള്‍ ...അദ്ദേഹം എന്നോട് പറഞ്ഞു...ഈ വഴിയിലൂടെയാണ് അവള്‍ അന്ന് അവസാനമായി യാത്ര ചെയ്തത്... ഒരു നിമിഷം ഞങ്ങള്‍ പരസ്പരം നോക്കി.
"അതെ...അതേ വഴി" അദ്ദേഹം പറഞ്ഞു.
ഞാന്‍ പറഞ്ഞു, " അതേ സമയം...."

ഞാന്‍ ഓര്‍ത്തു;   എന്നെ പോലെ തന്നെ അദ്ദേഹവും അന്നത്തെ സംഭവങ്ങള്‍ ഓര്‍ത്തിരിക്കാം...

തിരിച്ചു വീട്ടിലെത്തി, ഉറങ്ങുംന്നതിനു മുന്‍പ് ടിവി ഓണ്‍ ചെയ്തു. അപ്പോഴും അതെ വാര്‍ത്ത തന്നെ.

"...........'അവരെന്നോട്  ഒരു കരുണയും കാണിച്ചില്ല .....അവരെ  ആറു പേരെയും വെറുതെ വിടരുത്'  നിര്‍ഭയ അവസാനമായി  സിങ്കപ്പൂര്‍ ഹോസ്പിറ്റെലില്‍ വെച്ച് തന്‍റെ മാതാപിതാക്കളോടു  പറഞ്ഞത്  ഈ വാക്കുകളായിരുന്നു....   ഡല്‍ഹിയില്‍ നിന്നും,... ക്യാമറാ മാന്‍........" 


...................................................................................................................................................................


       

2013 ഡിസംബർ 9, തിങ്കളാഴ്‌ച

വര












ഒരു കയ്യാല്‍ വരച്ച് ,
മറുകയ്യാല്‍ മായ്ക്കുന്ന,
നീണ്ട വരയാണ് ജീവിതം.

വരയ്ക്കുന്ന കൈ,
അതാണ്അനുഭവം.
മായ്ക്കുന്ന കൈ, 
അതാണ്‌ ആയുസ്സ്.
അവസാന ബിന്ദു,
അതാണ് മരണം.
ശേഷമുള്ള ശ്യൂനത,
അതാണ് ആത്മാവ്.