2014 ജനുവരി 30, വ്യാഴാഴ്‌ച

ഗാന്ധി സ്മരണകള്‍



പ്രിയപ്പെട്ട ഗാന്ധിജി,
അങ്ങയെ ഞാന്‍ കണ്ടിട്ടില്ല.
എങ്ങനെ കാണാനാവും?!

നേരത്തെ വന്നു, നേരത്തെ പോയി.



അല്ല,
പ്രിയപ്പെട്ട ഗാന്ധിജി,
അങ്ങയെ ഞാന്‍ കണ്ടിട്ടുണ്ട്
ആദ്യമായി കണ്ടതെവിടെയെന്നറിയില്ല.
പാഠപുസ്തകത്തിലോ,
അതോ, വിയര്‍പ്പു വാടയില്‍
വാടിത്തളര്‍ന്ന  രൂപാ നോട്ടുകളിലോ

പ്രിയപ്പെട്ട ഗാന്ധിജി,
അങ്ങയെ ഞാന്‍ അറിഞ്ഞിട്ടുണ്ട്.
പാതയോരക്കടയില്‍ നിന്നു വാങ്ങി,
ആരോ എനിക്ക് സമ്മാനിച്ച,
അമ്പതു രൂപയുടെ 'സത്യാന്വേഷണ പരീക്ഷണ'ങ്ങളിലൂടെ.
വാതില്‍ പാളിയോ, ജനലുകളോ ഇല്ലാത്ത
അരമതിലുകള്‍ക്കുള്ളില്‍  ഒതുങ്ങിയ
ക്ലാസ് മുറികളിലെ 'കലപിലാ'രവങ്ങള്‍ക്കിടയില്‍
 മുറിഞ്ഞു മുറിഞ്ഞു കേട്ട ചരിത്ര ശകലങ്ങളിലൂടെ.


പ്രിയപ്പെട്ട ഗാന്ധിജി,
അങ്ങയെ ഞാന്‍ മനസിലാക്കിയിട്ടുണ്ട്.
ഞാനനുഭവിക്കുന്ന ഓരോ സ്വാതന്ത്ര്യത്തിലും,
ഭാരതീയനെന്നു അഭിമാനം കൊള്ളുമ്പോഴും.
അങ്ങയുടെ സഹനവും തത്വത്തിന്‍ മഹത്വവും,
ലോകസമാധാനാശയങ്ങളുടെ ഉന്നതിയില്‍
വിരാജിക്കുമ്പോഴും.


പ്രിയപ്പെട്ട ഗാന്ധിജി,
ഇന്ന് ഞാന്‍,
ഈ രക്ത സാക്ഷി ദിനത്തില്‍
അങ്ങയെ തിരയുന്നു.
ആരും ശ്രദ്ധിക്കുന്ന അങ്ങയുടെ ഒരു ചിത്രത്തിനായ്.
അങ്ങയുടെ ഒരു മഹത് വചനത്തിനായ്‌.
സോഷ്യല്‍ സൈറ്റില്‍ ഒരു പോസ്റ്റിടാന്‍.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ